നിലച്ചത് 20 വർഷത്തെ സർവീസ്
തൃശൂർ: അരിന്പൂർ- കൈപ്പിള്ളി മേഖലയിലെ യാത്രക്കാർക്ക് ഏക ആശ്രയമായിരുന്ന സ്വകാര്യ ബസ് സർവീസ് മോട്ടോർവാഹന വകുപ്പ് തെറ്റായ റിപ്പോർട്ട് നൽകി നിർത്തലാക്കിയെന്ന് ആരോപണം. ഇരുപത് വർഷമായി ഇവിടെ സർവീസ് നടത്തിയിരുന്ന ജവാൻ ബസിന്റെ ഓട്ടമാണ് നിലച്ചത്. തൃശൂരിൽ നിന്ന് മുക്കാട്ടുകര, നെല്ലങ്കര വഴി മണ്ണുത്തിയിലേക്കും തൃശൂരിൽ നിന്ന് കൊക്കാല, കുന്നത്തങ്ങാടി വഴി കൈപ്പിള്ളിയിലേക്കും മൂന്നു വീതം സർവീസുള്ള ബസാണിത്. 2004 ലാണ് ഇപ്പോഴത്തെ ഉടമ എൻ.എസ്. സന്തോഷിന് പെർമിറ്റ് അനുവദിച്ചത്. 2010 മുതൽ സ്ഥിരം പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ് സർവീസ് നടത്തിയിരുന്നത്.
പെർമിറ്റ് പുതുക്കാൻ ഇത്തവണ അപേക്ഷ നൽകിയപ്പോൾ ഈ വഴി കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നതിനാൽ ഒരേസമയം രണ്ട് ബസ് പാടില്ലെന്ന കോടതിവിധി ചൂണ്ടിക്കാട്ടിയാണ് പെർമിറ്റ് നിഷേധിച്ചത്. എന്നാൽ ഈ റൂട്ടിൽ കെഎസ്ആർടിസി സർവീസ് നടത്തുന്നില്ല. സ്ഥിരം പെർമിറ്റ് വൈകിയതോടെ കഴിഞ്ഞ നാലുമാസമായി താത്ക്കാലിക പെർമിറ്റിലാണ് ഓടിയിരുന്നത്. തൃശൂർ-മണ്ണുത്തി റൂട്ടിൽ പ്രധാന റോഡിലൂടെയാണ് സർവീസ് നടത്തുന്നതെന്ന തെറ്റിദ്ധാരണയിൽ വെഹിക്കിൾ ഇൻസ്പെക്ടർ ഓവർലാപ്പിംഗ് റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി പരാതി നൽകിയെങ്കിലും പെർമിറ്റ് പുനഃസ്ഥാപിക്കാൻ ഹൈക്കോടതിയെ സമീപിക്കേണ്ടിവരും.
പുതിയ പെർമിറ്റിന് അപേക്ഷിക്കുന്പോൾ പരിവാഹൻ സൈറ്റിൽ ഈ ബസിന് പെർമിറ്റ് ഉണ്ടെന്നാണ് കാണിക്കുന്നത്. ഇത് മാറ്റാതെ പുതിയ പെർമിറ്റിന് അപേക്ഷിക്കാൻ കഴിയില്ല. തൃശൂരിൽനിന്ന് നെല്ലങ്കര, മുക്കാട്ടുക്കര, വെള്ളാനിക്കര, മടക്കത്തറ തുടങ്ങിയ പൊതുഗതാഗത സൗകര്യം കുറവുള്ള പ്രദേശങ്ങളിലെ യാത്രക്കാർക്കും ജവാൻ ബസാൻ പ്രയോജനപ്പട്ടിരുന്നു. ബസ് സർവീസ് തുടരണമെന്നാണ് നാട്ടുകാരും ആവശ്യപ്പെടുന്നത്.